Monday, 8 August 2011

ഞാന്‍ കണ്ട ഇറാക്ക്. ഒരു യുദ്ധത്തിന്റെ ജീവനുള്ള അസ്ഥിമാടം ........... ഇറാക്കില്‍ ഞാന്‍ കണ്ട കാഴ്ചകള്‍ നിങ്ങളോടുകൂടി പങ്കു വയ്ക്കുന്നു . (ഭാഗം : 6 )

അന്ന് ഒരു വെള്ളിയാഴ്ച ആയിരുന്നു . പൊതുവേ ജോലി വളരെ കുറവായിരുന്നതിനാല്‍ ഞാന്‍ ഓഫീസില്‍ നിന്ന് പുറത്തേക്ക് ഇറങ്ങി . അല്പം നടന്നു അതാ ഓഫീസിന്റെ പുറത്തു ആളൊഴിഞ്ഞ ഒരു ഭാഗത്ത്‌ കസേരയില്‍ ഒറ്റക്കിരിക്കുകയായിരുന്നു അന്‍വര്‍. ഞാന്‍ മെല്ലെ അദ്ധേഹത്തിന്റെ അടുതെത്തി ......വെറുതെ കുശലാന്വേഷണങ്ങള്‍ നടത്തി . അപ്പോളാണ് അദ്ദേഹം അവിടെ ഇരുന്നു കരയുകയായിരുന്നു എന്ന് മനസിലാക്കിയത് . ഞാന്‍ കാര്യം അന്വേഷിച്ചു . ഒന്നുമില്ല എന്നതായിരുന്നു മറുപടി . എന്നിട്ടും ഞാന്‍ വിടില്ല എന്ന് കണ്ടപ്പോള്‍ ഒടുവില്‍ അദ്ദേഹം ആ സംഭവം വിവരിച്ചു . എനിക്ക് ഒരു ചേട്ടന്‍ ഉണ്ടായിരുന്നു . അദ്ദേഹം മരിച്ചതിന്റെ ഓര്‍മ ദിവസം ആണ് ഇന്ന് . അതൊക്കെ ഓര്‍ത്തപ്പോള്‍ വെറുതേ .......

യുദ്ധം വളരെ കൂടുതലായി നിന്നിരുന്ന ഒരു സമയം ആയിരുന്നു അത് . മറ്റെല്ലാ വീടുകളിലെയും പോലെ തന്നെ ഞങ്ങളുടെ വീട്ടിലും പട്ടിണി ആയിരുന്നു മിച്ചം . അമേരിക്കന്‍ സൈന്യം ആഞ്ഞടിക്കുന്നു . ഇറാക്കി സൈന്യവും ചെറുത്ത് നില്‍കുന്നുണ്ട്. ഇതിനു പുറമേ തീവ്രവാദികളും അമേരിക്കന്‍ സൈന്യത്തെ ആക്രമിക്കുമായിരുന്നു . സ്വതന്ത്ര ഇറാക്ക് ആയിരുന്നു അവരുടെ ലക്ഷ്യവും മുദ്രാവാക്ക്യവും ..

ഞങ്ങളുടെ വീട്ടിലെ പട്ടിണിയും ദാരിദ്ര്യവും ചേട്ടനെ ഒരു തീവ്രവാദി ആകുവാന്‍ രണ്ടാമത് ഒന്ന് ചിന്ദിക്കാതെ പോകുവാന്‍ പ്രേരിപ്പിച്ചു . അതില്‍ പെട്ടുപോയാല്‍ തന്റെ ജീവന്‍ ആണ് വിലയായി കൊടുക്കേണ്ടി വരിക എന്നറിഞ്ഞിട്ടും ഞങ്ങള്‍ക്ക് വേണ്ടി , അതില്‍ നിന്ന് കിട്ടുന്ന വന്‍തുക ഞങ്ങളുടെ പട്ടിണി തീര്‍ക്കുവാന്‍ സാധിക്കും എന്ന തോന്നല്‍ ചേട്ടനെ ഒരു തീവ്രവാദി ആക്കി . ചേട്ടന്‍ സംഘടനയില്‍ ചേര്‍ന്നു. വീട്ടില്‍ ഞങ്ങളോട് പറഞ്ഞിരുന്നത് അടുത്ത ഗ്രാമത്തില്‍ ഒരു ജോലി കിട്ടി അതിനു പോവുകയാണ് എന്നായിരുന്നു . അതിനു ശേഷം എല്ലാ ആഴ്ചയും ഒരു ദിവസം ചേട്ടന്‍ വീട്ടില്‍ വന്നു ദാരാളം പൈസാ തരുമായിരുന്നു .

ഒരുദിവസം പതിവുപോലെ ചേട്ടന്‍ വീട്ടില്‍ വന്നു . അന്ന് കുറച്ചു കൂടുതല്‍ കാശ് അമ്മയെ ഏല്‍പ്പിച്ചിട്ട് ചേട്ടന്‍ പറഞ്ഞു ഇനി കുറച്ചു നാള് കഴിഞ്ഞേ വരികയുള്ളൂ . പണി അല്പം കൂടുതലാണ് എന്നൊക്കെ . ചേട്ടന്‍ ഞങ്ങള്‍ക്കായി ഒരുപാട് കഷ്ട്ടപെടുന്നു എന്നോര്‍ത്ത് ഞങ്ങള്‍ എല്ലാരും അന്ന് കുറേനേരം കരഞ്ഞു . ഒടുവില്‍ ഞങ്ങള്‍ എല്ലാരും ഒരുമിച്ചിരുന്നു ആഹാരം കഴിച്ചു . കഴിക്കുന്ന സമയം ചേട്ടന്റെ കണ്ണുകള്‍ നിറയുന്നത് ഞാന്‍ കണ്ടിരുന്നു . ഒടുവില്‍ എല്ലാവരോടും യാത്ര പറഞ്ഞു ചേട്ടന്‍ വന്ന കാറില്‍ കയറി . ചേട്ടന്‍ പോകുന്നത് കണ്ടു അമ്മ കരഞ്ഞു തുടങ്ങി . കാര്‍ നീങ്ങി റോഡിലേക്ക് കയറുന്നതിനു മുന്‍പ് ഒന്നുകൂടി യാത്ര പറയുവാനായി ചേട്ടന്‍ ഞങ്ങളെ ഒന്നുകൂടി നോക്കിയിട്ട് കാറിന്റെ ഹോണ്‍ ഒന്ന് അമര്‍ത്തി . ഹോണിന്റെ ശബ്ധതെക്കാള്‍ വലിയ ശബ്ദത്തോടെ കാര്‍ ഞങ്ങളുടെ മുന്നില്‍ പൊട്ടിത്തെറിച്ചു . അല്പം നേരം എന്താണ് സംഭവിച്ചതെന്നറിയാതെ ഞങ്ങള്‍ എല്ലാരും സ്തംഭിച്ചു പോയി . അമ്മ അന്ന് തളര്‍ന്നു വീണതാണ് . ഇതുവരെയും ഒന്ന് എണീറ്റ്‌ ഇരുന്നിട്ട് കൂടി ഇല്ല .

സംഘടനയുടെ അന്നത്തെ ചാവേര്‍ പോരാളിയായി തിരഞ്ഞെടുത്തത് ചേട്ടനെയായിരുന്നു . ബോംബ്‌ ഖടിപ്പിച്ച കാറില്‍ ആയിരുന്നു ചേട്ടന്‍ വീട്ടില്‍ വന്നത് . ഹോണ്‍ അടിച്ചാല്‍ പൊട്ടി തെറിക്കുന്ന രീതിയില്‍ ആയിരുന്നു വാഹനത്തില്‍ ബോംബ്‌ വച്ചിരുന്നത് . ചേട്ടന്‍ യാത്ര പറയാന്‍ ഹോണ്‍ അടിച്ചതും വാഹനം പൊട്ടി തെറിക്കുകയായിരുന്നു . ചേട്ടന്റെ ചിതറി തെറിച്ച കരിഞ്ഞ ശരീരം ഇന്നും എന്റെ മനസ്സില്‍ മായാതെ നില്‍ക്കുന്നു .ഞങ്ങള്‍ക്ക് വേണ്ടി എന്റെ ചേട്ടന്‍ ..... ഇതൊക്കെ പറയുമ്പോളും അന്‍വര്‍ കരയുകയായിരുന്നു . ഒരുവിധം ഞാന്‍ അദ്ധേഹത്തെ സമാധാനിപ്പിക്കുവാന്‍ ശ്രെമിച്ചുകൊണ്ടിരുന്നു ....


ജോയ്........

Wednesday, 3 August 2011

ഞാന്‍ കണ്ട ഇറാക്ക്. ഒരു യുദ്ധത്തിന്റെ ജീവനുള്ള അസ്ഥിമാടം ........... ഇറാക്കില്‍ ഞാന്‍ കണ്ട കാഴ്ചകള്‍ നിങ്ങളോടുകൂടി പങ്കു വയ്ക്കുന്നു . (ഭാഗം : 5 )

ഞാന്‍ ഓരോരുത്തരോടും ഇറാക്കിന്റെ വിശേഷങ്ങള്‍ കൂടുതലായി ചോദിച്ചു അറിയുവാന്‍ ശ്രെമിച്ചു . എനിക്ക് എല്ലാവരില്‍ നിന്നും പൊതുവായി അറിയുവാന്‍ കഴിഞ്ഞത് അവര്‍ക്ക് അമേരിക്കയുടെ ഭരണത്തില്‍ അല്പം പോലും തൃപ്തി ഇല്ല . അമേരിക്ക തങ്ങളെ അടിമകള്‍ ആയി കാണുന്നു എന്നതായിരുന്നു പൂരിഭാഗം പേരുടെയും അഭിപ്രായം .

അതുപോലെ തന്നെ തങ്ങളുടെ മുന്‍ ഭരണാധികാരി സദാം ഹുസൈനെ കുറിച്ചും സാധാരണകാരായ ഇറാക്കികള്‍ക്ക് വലിയ മതിപ്പൊന്നും ഇല്ല . ഞാന്‍ കരുതിയത്‌ ഇവിടുത്തുകാര്‍ക്ക് സദാം എന്ന് പറഞ്ഞാല്‍ എല്ലാം ആയിരിക്കും എന്നാണു . എന്നാല്‍ എന്റെ എല്ലാ പ്രതീക്ഷകളെയും തകിടം മറിക്കുന്നതായിരുന്നു അവരുടെ ഓരോരുത്തരുടെയും വാക്കുകള്‍ . സദാം ഒരു ക്രൂരനായ ഭരണാധികാരി ആയിരുന്നു എന്നായിരുന്നു കൂടുതല്‍ ആളുകളും അഭിപ്രായപെട്ടത് . സാമ്പതീകമായി ഒരുപാട് മുന്നില്‍ നിന്നിരുന്ന ഒരു രാജ്യം ആയിരുന്നു ഇറാക്ക് . രാജ്യത്തിന്റെ സ്വത്തിന്റെ ഹിംസ ഭാഗവും യുദ്ധങ്ങള്‍ക്കും ആയുധങ്ങള്‍ വാങ്ങുന്നതിനുമായിട്ടാണ് അദ്ദേഹം ഉപയോഗിച്ചത് എന്നതാണ് അദ്ധേഹത്തിനെതിരെ സാധാരണക്കാര്‍ക്ക് ഉള്ള ആക്ഷേപം .

ഒരു ഇറാക്കി യുവാവ് എന്നോട് തന്റെ അനുഭവം വിവരിച്ചത് ഇങ്ങിനെ .... തന്റെ പിതാവ് യുദ്ധത്തില്‍ കൊല്ലപെട്ടു . മാതാവ് ഒരു ആശുപത്രിയില്‍ നേഴ്സ് ആയി ജോലി ചെയ്യുകയായിരുന്നു . പിതാവിന്റെ മരണത്തെ തുടര്‍ന്ന് താനും മാതാവും മാതാവിന്റെ തുച്ചമായ വരുമാനത്തില്‍ കഴിയുകയായിരുന്നു . അപ്പോളാണ് മാതാവിനോട് നിര്‍ബന്ധിതമായി സൈന്യതിനോടൊപ്പം ജോലി ചെയ്യണമെന്നു സദാം പറഞ്ഞത് . മാതാവ് അങ്ങിനെ സൈന്യതിനോപ്പം ജോലിക്ക് ചേര്‍ന്ന് . ശമ്പളം ആകെ ഒരുമാസം കിട്ടുന്നത് 15 ഡോളര്‍ . 15 ഡോളര്‍ കൊണ്ട് ഒരമ്മയും മകനും എങ്ങിനെ വിശപ്പടക്കും എന്ന് എന്നോട് ചോദിച്ചപ്പോള്‍ എനിക്കും അതിനു ഉത്തരം ഇല്ലായിരുന്നു . ചെറുപ്പത്തില്‍ താനും അമ്മയും മിക്ക ദിവസങ്ങളിലും പട്ടിണി കിടന്നിരുന്നു എന്ന് പറയുമ്പോള്‍ അദ്ധേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞു ഒഴുകുകയായിരുന്നു . ഇതൊക്കെ കേട്ടപ്പോള്‍ എന്റെ മനസിനും ഉണ്ടായി വല്ലാത്ത ഒരു തേങ്ങല്‍ ......

കൂട്ടത്തില്‍ ഒരാള്‍ വളരെ ദുഖിതനായി കാണപെട്ടു . ഞാന്‍ അദ്ധേഹതോട് കാര്യം അന്വേഷിച്ചു . മറുപടി ഇപ്രകാരം ആയിരുന്നു . തന്റെ ബാപ്പയും , ഉമ്മയും , ഭാര്യയും , മകളുമായി ഒരു ആവശ്യത്തിനായി ബാഗ്ദാധിലേക്ക് പോയിരിക്കുകയാണ് . ബാഗ്ദാദ് എന്നും പ്രശ്നങ്ങള്‍ മാത്രം ഉള്ള ഒരു പ്രദേശമാണ് . ഏതു നിമിഷവും ആര്‍ക്കും എന്തും സംഭവിക്കാം . ഒരു ആക്രമണം ആര്‍ക്കു നേരെയും എപ്പോളും ഉണ്ടാകാം . അവര്‍ സുരക്ഷിതരായി മടങ്ങി വരുവാനായി ഞാന്‍ അല്ലാഹുവിനോട് മുഴുവന്‍ സമയവും പ്രാര്‍തിക്കുകയാണ് . അവര്‍ വരുന്നത് വരെ എന്റെ മനസിന്‌ ഒരു സ്വസ്ഥതയും ഉണ്ടാവില്ല . അദ്ധേഹത്തിനെ എന്ത് പറഞ്ഞാണ് ആശ്വസിപ്പിക്കുക എന്ന് എനിക്ക് അറിയില്ലായിരുന്നു . എങ്കിലും കുടുംബത്തിനു ഒന്നും സംഭവിക്കില്ല . സര്‍വേശ്വരന്‍ ഒരാപത്തും വരുത്താതെ അവരെ തിരിച്ചു സുരക്ഷിതരായി വീട്ടില്‍ എത്തിക്കും . ഞാനും അല്ലാഹുവിനോട് പ്രാര്‍ത്തിക്കുന്നുണ്ട് എന്ന് പറഞ്ഞു . അദ്ദേഹം എന്നെ നോക്കി ഒന്ന് ചെറുതായി പുഞ്ചിരിച്ചിട്ട് തിരമാലകള്‍ ആഞ്ഞടിക്കുന്ന തന്റെ കലങ്ങിയ മനസുമായി പിന്നീട് കാണാം എന്ന് പറഞ്ഞിട്ട് തന്റെ ജോലിയിലേക്ക് കടന്നു ........


(തുടരും ) ജോയ്........

Tuesday, 2 August 2011

ഞാന്‍ കണ്ട ഇറാക്ക്. ഒരു യുദ്ധത്തിന്റെ ജീവനുള്ള അസ്ഥിമാടം ........... ഇറാക്കില്‍ ഞാന്‍ കണ്ട കാഴ്ചകള്‍ നിങ്ങളോടുകൂടി പങ്കു വയ്ക്കുന്നു . (ഭാഗം :4 )
ഞങ്ങളുടെ വാഹനം വീണ്ടും മുന്നോട്ടു നീങ്ങി കൊണ്ടിരുന്നു . എങ്കിലും എന്‍റെ മനസ്സില്‍ അപ്പോഴും നിറഞ്ഞു നിന്നിരുന്നത് ആ തെരുവില്‍ കണ്ട കാഴ്ചകള്‍ ആയിരുന്നു . അവിടുത്തെ ആളുകളുടെ കണ്ണിലെ പ്രത്യാശയുടെ തിളക്കം എന്‍റെ മനസ്സില്‍ നിന്നും മായുന്നില്ലായിരുന്നു .

ഞങ്ങളുടെ വാഹനം ഉം ഖാസര്‍ പോര്‍ട്ടിന്‍റെ വാതില്‍ക്കല്‍ എത്തി . തോക്കുദാരികള്‍ ആയ മൂന്നു പട്ടാളക്കാര്‍ വന്നു ഞങ്ങളുടെ വാഹനം പരിശോധിച്ചു . രേഖകള്‍ നോക്കിയ ശേഷം ഞങ്ങള്‍ക്ക് അകത്തു കടക്കുവാന്‍ അനുമതി നല്‍കി . പോര്‍ട്ടിന്‍റെ യഥാര്‍ത്ഥ വാതില്‍ കടക്കുന്നതിനു മുന്‍പ് ഞങ്ങള്‍ക്ക് വീണ്ടും രണ്ടു പരിശോധനാ സ്ഥലങ്ങള്‍ കൂടി പിന്നിടേണ്ടി വന്നു . ഇത്രയും സുരക്ഷ ഒക്കെ കണ്ടപ്പോള്‍ എനിക്ക് വല്ലാത്ത അതിശയം തോന്നി . നമ്മുടെ നാട്ടിലെ പല പോര്‍ട്ടുകളിലും ഞാന്‍ പോയിട്ടുണ്ട് . അതുമായി താരതമ്മ്യം ചെയ്‌താല്‍ ഇവിടുള്ളതിന്‍റെ നൂറില്‍ പത്തു പോലും സുരക്ഷ നമ്മുടെ നാട്ടില്‍ ഇല്ല . ഏതു തീവ്ര വാതികള്‍ക്കും എത്ര എളുപ്പം നമ്മുടെ നാട്ടില്‍ കടന്നു കൂടാം എന്നും എനിക്ക് തോന്നി പോയി .... ഒടുവില്‍ ഞങ്ങള്‍ ഞങ്ങളുടെ താമസ സ്ഥലത്ത് എത്തി . അവിടെ എന്നെയും കാത്തു ഞങ്ങളുടെ കമ്പനിയിലെ ആളുകള്‍ നില്‍പ്പുണ്ടായിരുന്നു .

" നമ്മുടെ കമ്പനിയിലെ ഏറ്റവും ഭാഗ്യം ഉള്ള വ്യക്തികളില്‍ ഒരാളായ നിനക്കും ഈ സ്വര്‍ഗത്തിലേക്ക് സ്വാഗതം " എന്ന് പറഞ്ഞു ഒരു വെള്ളക്കാരന്‍ എന്നെയും ഈ സ്വര്‍ഗത്തിലേക്ക് ആനയിച്ചു . അങ്ങിനെ ഞങ്ങളുടെ കമ്പനിയിലെ നിര്‍ഭാഗ്യവാന്മാരുടെ കൂട്ടത്തിലേക്ക് ഞാനും കടന്നു ചെന്നു . പിന്നീട് അവിടെയുള്ള പുതിയ ആളുകളെ പരിച്ചയപെടലും പഴയ പരിചയക്കാരോട് കുശലം പറച്ചിലും ഒക്കെ ആയി നില്‍കുമ്പോള്‍ ഞങ്ങളുടെ കമ്പനിയില്‍ ഞങ്ങള്‍ക്കായി പണിയെടുക്കുന്ന കുറെ ഇറാക്കി പൌരന്‍മാരെ കണ്ടു . അവരെ കണ്ടപ്പോള്‍ എനിക്ക് മനസ്സില്‍ വിഷമം തോന്നി . എങ്കിലും ഇവരോട് എനിക്ക് ഇറാക്കിനെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയാന്‍ സാധിക്കുമല്ലോ എന്ന് ഓര്‍ത്തപ്പോള്‍ അല്‍പം സന്തോഷവും തോന്നി . ഇവരെയാണ് എനിക്കാവശ്യം . ഇവരുടെ സൌഹൃധമാണ് എനിക്കാവശ്യം എന്ന് മനസ് പലതവണ എന്നോട് പറഞ്ഞു കൊണ്ടിരുന്നു . എല്ലാം പാവങ്ങള്‍ . ഓരോരുത്തരെ ആയി ഞാന്‍ പരിചയപെട്ടു . എല്ലാവര്‍ക്കും ചില ഹിന്ദി വാക്കുകള്‍ അറിയാം ,. ആദ്യം പരിചയപെടുത്തി പേര് പറഞ്ഞാല്‍ അടുത്തത് അമിതാഭ് ബച്ചന്‍ , ഷാരുഖ് ഖാന്‍ , ഐശ്വര്യ റായി ... എന്നീ പേരുകള്‍ ആണ് . ഹിന്ദി അല്‍പം ഒക്കെ അറിയാം . സീ അഫലം എന്നാ ഹിന്ദി ചാനല്‍ ആണ് ഈ പാവതുങ്ങള്‍ ഏറ്റവും കൂടുതല്‍ കാണുന്ന ചാനല്‍ എന്ന് കേട്ടപ്പോള്‍ എനിക്ക് അത്ഭുതം തോന്നി പോയി . ഇന്ത്യക്കാരെ അവര്‍ക്ക് വലിയ ഇഷ്ട്ടം ആണ് എന്നുകൂടി കേട്ടപ്പോള്‍ എനിക്ക് ഇറാക്കികളോട് കൂടുതല്‍ ബഹുമാനം തോന്നി പോയി .

ഒടുവില്‍ ആണ് ഞാന്‍ അന്‍വര്‍നെ പരിച്ചയപെട്ടത്‌ . കൂട്ടത്തില്‍ നിന്നും തികച്ചും വ്യത്യസ്തന്‍ . അന്‍വറിന്‍റെ കണ്ണുകള്‍ എന്നോട് എന്തോ പറയുവാന്‍ വെമ്പല്‍ കൊള്ളുന്നതായി എനിക്ക് തോന്നി ഞാന്‍ കുറച്ചു നേരം അധേഹതോടൊപ്പം സംസാരിച്ചു . അതെ ഞാന്‍ ഇതുപോലെ ഉള്ള ഒരു വ്യക്തിയെ തന്നെ ആയിരുന്നു ഇവിടെ തിരഞ്ഞു നടന്നത് . അന്‍വര്‍ പറഞ്ഞു തന്ന കൂടുതല്‍ കാര്യങ്ങള്‍ അടുത്ത ലക്കങ്ങളില്‍ ഞാന്‍ നിങ്ങളുമായി പങ്കു വയ്ക്കാം ....


(തുടരും ) ജോയ്........