Thursday, 28 July 2011

ഞാന്‍ കണ്ട ഇറാക്ക്. ഒരു യുദ്ധത്തിന്റെ ജീവനുള്ള അസ്ഥിമാടം ........... (ഭാഗം :3 )

അങ്ങിനെ ഞങ്ങള്‍ യാത്ര തുടങ്ങി . ബസ്റ എന്ന സ്ഥലത്ത് നിന്നും ഉം ഖാസര്‍ എന്ന സ്ഥലത്തേക്കാണ്‌ ഞങ്ങള്‍ക്ക് പോകേണ്ടത് . മുന്നിലും പിന്നിലും ഓരോ കാറുകള്‍ . എനിക്കപ്പോള്‍ ഒരു രാജകീയ പ്രൌഡി തോന്നി . പരിവാരങ്ങളുമായി യാത്ര ചെയ്യുന്ന ഒരു രാജാവിന്റെ ഗമയും . പെട്ടന്ന് വണ്ടി ഒരു ഗട്ടറില്‍ വീണു കുതിച്ചു ചാടി . ഞാന്‍ പുറത്തേക്കു ഒന്ന് നോക്കി .

റോഡിന്റെ അവസ്ഥ വളരെ ദയനീയം ആയിരുന്നു . ഇത് മഴമൂലം നശിച്ചതോ പണിയില്‍ കൃത്രിമം കാണിച്ചത് കൊണ്ടോ നശിച്ചതല്ല . ഇവിടെ യുദ്ധം നടന്നിരുന്ന സമയം ബോംബിങ്ങിലൂടെയും , ശത്രു സൈന്യം പെട്ടന്ന് കടന്നു വന്നു ആക്രമിക്കാതെ ഇരിക്കുവാനും വേണ്ടി തകര്‍ത്തതാണ് . ഒരു യുദ്ധം എന്തുമാത്രം ഈ രാജ്യത്ത് നാശം വിതച്ചു എന്ന് വിളിച്ചു പറയുവാന്‍ ഈ റോഡിന്റെ അവസ്ഥ തന്നെ ദാരാളം ആയിരുന്നു . യുദ്ധത്തിനു ശേഷം തങ്ങളുടെ തകര്‍ന്ന സാമ്പത്തിക സ്ഥിതി വിളിചോതുവാനും ഈ റോഡുകള്‍ മാത്രം മതി . ഈ റോഡുകള്‍ക്കും പറയാന്‍ ഉണ്ടാകും ഒരു യുദ്ധത്തിന്റെ നീറി പുകയുന്ന ഒരു നൂറു കഥകള്‍ .


യുദ്ധം തുടങ്ങുന്നതിനു മുന്‍പ് ഒരു ഇറാക്കി ദിനാര്‍ രണ്ടു അമേരിക്കന്‍ ഡോളര്‍ ആയിരുന്നു മൂല്യം . എന്നാല്‍ ഇന്ന് ഒരു അമേരിക്കന്‍ ഡോളറിന്റെ മൂല്യം ആയിരം ഇറാക്കി ദിനാര്‍ ആണ് . ഇപ്പോള്‍ നിങ്ങള്‍ക്കും മനസിലായി കാണുമല്ലോ ഇവിടുത്തെ സാമ്പത്തീക തകര്‍ച്ചയെ കുറിച്ച് ?.

പോകുന്ന വഴികളില്‍ ഓരോ പതിനഞ്ചു ഇരുപതു മിനിട്ടിലും ഓരോ ചെക്ക് പോസ്റ്റുകളില്‍ വണ്ടി നിറുത്തി വണ്ടിയുടെ രേഖകള്‍ ഉധ്യോഗസ്തരെ കാണിച്ചു കൊണ്ട് ഞങ്ങള്‍ മുന്നോട്ടു പോയി . പോകുന്ന വഴിയില്‍ അങ്ങിങ്ങായി എണ്ണ ഖനനം നടക്കുന്ന സ്ഥലങ്ങള്‍ ദൂരെയായി കാണാം . വിജനമായ പാതയോരങ്ങള്‍ . ഞാന്‍ ചുറ്റും കണ്ണോടിച്ചു ഇല്ല ഒരല്പം പോലും പച്ചപ്പ്‌ ഇല്ല . എവിടേക്ക് നോക്കിയാലും ഒരു ശ്മശാന മൂകത . വണ്ടി വീണ്ടും മുന്നോട്ടു നീങ്ങി കൊണ്ടിരുന്നു .

ഞങ്ങളുടെ വാഹനം ഒരു ആള്‍ തിരക്കുള്ള തെരുവില്‍ എത്തി . ഞാന്‍ ആകാംഷയോടെ പുറത്തേക്കു നോക്കി . തികച്ചും ഞെട്ടിക്കുന്ന കാഴ്ചകള്‍ . ഒരു യുദ്ധത്തിന്റെ ജീവിക്കുന്ന രക്തസാക്ഷികള്‍ ഒരുപാട് പേര്‍ . അംഗ വ്യ്കല്ല്യം സംഭവിച്ചവര്‍ നിരവതിപേര്‍ . പൂരിഭാഗം പേര്‍ക്കും നല്ല വസ്ത്രങ്ങള്‍ പോലും ഇല്ല . പോഷകാഹാരത്തിന്റെ കുറവ് മൂലം എല്ലാം പേകൊലങ്ങള്‍ . എങ്കിലും എല്ലാവരുടെയും കണ്ണുകളില്‍ എനിക്ക് ഒരു പ്രത്യാശയുടെ തിളക്കം കാണുവാന്‍ കഴിഞ്ഞു . തങ്ങള്‍ക്കു ഇനിയും ഒരു പ്രതാപ കാലത്തിലേക്ക് ഉയിര്‍ത്തു എഴുനെല്‍പ്പ് ഉണ്ട് എന്ന് വിളിച്ചുപറയാന്‍ വെമ്പല്‍ കൊള്ളുന്ന പ്രതീക്ഷയുടെ തീ ജ്വാലകള്‍ എനിക്ക് ആ കണ്ണുകളില്‍ കാണുവാന്‍ സാധിച്ചു .

വര്‍ഷങ്ങള്‍ക്കു മുന്‍പ് പേര്‍ഷ്യ എന്ന പേരില്‍ ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ തല ഉയര്‍ത്തി നിന്നിരുന്ന ഒരു സമ്പന്ന രാജ്യം. ഇന്ന് പൂരിഭാഗം ജനങ്ങള്‍ക്കും ഒരു നേരത്തെ ആഹാരത്തിനു വേണ്ടി അമേരിക്കന്‍ ഭരണകൂടതിനു കീഴില്‍ ഗതികേടിനാല്‍ അടിമ പണി ചെയ്തു തങ്ങളുടെ കുടുംബത്തിന്റെ മുഴു പട്ടിണി അര പട്ടിണി ആക്കുന്ന ഇറാക്കി പൌരന്മാരാല്‍ നിറഞ്ഞു . ഒരു തികഞ്ഞ ദരിദ്ര രാഷ്ട്രം ആകുവാനായി മത്സരിച്ചു കൊണ്ട് ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ ഒരു ചോദ്യ ചിന്നമായി നില്‍കുന്ന ഇറാക്കിന്റെ കഥകള്‍ ഇനിയും ഉണ്ട് എനിക്ക് പറയുവാന്‍ .....


(തുടരും ) ജോയ്........

ഞാന്‍ കണ്ട ഇറാക്ക്. ഒരു യുദ്ധത്തിന്റെ ജീവനുള്ള അസ്ഥിമാടം ...........(ഭാഗം :2 )

ഇറാക്കില്‍ ഞാന്‍ കണ്ട കാഴ്ചകള്‍ നിങ്ങളോടുകൂടി പങ്കു വയ്ക്കുന്നു . (ഭാഗം :2 )

എയര്‍പോര്‍ട്ടില്‍ എന്നെയും കാത്തു നിന്നിരുന്നത് ഇംഗ്ലീഷ്കാരായ ക്രിസ് , നെസ് , സ്റ്റീവന്‍ , പിന്നെ ഇറക്കി ഡ്രൈവര്‍ ആയ അബ്ദുള്ളയും . ക്രിസ് ഒരു ആജാന ബാഹു മനുഷ്യന്‍ ആയിരുന്നു . ആറടിയില്‍ മുകളില്‍ പൊക്കവും അതിനൊത്ത ശരീരവും ഒക്കെ കൂടി കണ്ടാല്‍ ഏതോ ഒരു WWF താരത്തിനെ പോലെ ആയിരുന്നു . അബ്ദുള്ള ആണെങ്കില്‍ ഒരു ആഫ്രിക്കന്‍ കറുമ്പനെ പോലെയും ആയിരുന്നു . ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ ഏതെങ്കിലും ആഫ്രിക്കകാരന്‍ ആണെന്നെ പറയൂ.... ബാക്കി രണ്ടുപേരും സാമാന്യം നല്ല രണ്ടു ച്ചുണകുട്ടികള്‍ ആയിരുന്നു . എല്ലാവരും പേരുകള്‍ പറഞ്ഞു എന്നെ പരിചയപെട്ടു . ഞാനും തിരിച്ചു പേര് പറഞ്ഞു .

ഉടന്‍ തന്നെ നെസ് പറഞ്ഞു നമുക്ക് ഇങ്ങിനെ പുറത്തു അധിക നേരം ചിലവിടാന്‍ സാധിക്കില്ല . സുരക്ഷാ കാരണങ്ങളാല്‍ നമുക്ക് എത്രയും പെട്ടന്ന് വാഹനത്തില്‍ കയറണം . വെടി കൊണ്ടാല്‍ ഏല്‍ക്കാതിരിക്കാന്‍ ഒരു പടച്ചട്ട അണിയിച്ചു അവര്‍ എന്നെ ഒരു ബുള്ളറ്റ് പ്രൂഫ്‌ കാറിന്റെ അകത്തേക്ക് കയറ്റി . എന്നിട്ട് ക്രിസ് , നെസ് , അബ്ദുള്ള എന്നിവര്‍ എന്റെ കൂടെ കാറില്‍ കയറി . സ്റ്റീവന്‍ അടുത്ത് കിടന്ന മറ്റൊരു കാറിലേക്കും കയറി .

നെസ് ഉടന്‍ തന്നെ എന്നോട് സുരക്ഷയെ കുറിച്ച് സംസാരിക്കുവാന്‍ തുടങ്ങി . ഒരു അപകടം പറ്റിയാല്‍ എന്ത് ചെയ്യണം എന്നും , നമുക്ക് എതിരെ ഒരു ആക്രമണം ഉണ്ടായാല്‍ എന്ത് ചെയ്യണം എന്നും എനിക്ക് നല്ല രീതിയില്‍ പറഞ്ഞു തന്നു ... നെസ് ഇതൊക്കെ പറയുമ്പോള്‍ എന്റെ കണ്ണുകള്‍ വാഹനത്തിന്റെ ഉള്ളില്‍ ഉള്ള ആയുധങ്ങളെ കുറിച്ച് വിലയിരുത്തുകയായിരുന്നു .

അബ്ദുള്ള ഡ്രൈവിങ്ങ് സീറ്റില്‍ ഇരിക്കുന്നു . അദ്ധേഹത്തിന്റെ വലതു വശത്തായി ഒരു AK47 തല കുത്തി വച്ചിരിക്കുന്നു . മുന്നിലെ വലതു സീറ്റില്‍ നെസ് ഇരിക്കുന്നു . അദ്ദേഹത്തിനും ഉണ്ട് ഒരു AK47 . അത് കൂടാതെ അരയില്‍ ഒരു ചെറിയ പിസ്റ്റള്‍ തൂക്കി ഇട്ടിരിക്കുന്നു . വണ്ടിയുടെ പിറകു സീറ്റില്‍ ഞാനും ക്രിസും . ക്രിസ്സിനും ഒരു AK47 ഉം ഒരു പിസ്ടലും . കൂടാതെ ഒരു പിസ്റ്റള്‍ എന്റെയും ക്രിസ്സിന്റെയും നടുക്കായി വച്ചിട്ടുണ്ട് . ഞാന്‍ വെറുതെ അതില്‍ ഒന്ന് തൊട്ടു നോക്കി . സിനിമയിലും മറ്റും കണ്ടിട്ടുള്ള തോക്ക് ആദ്യമായി നേരില്‍ കാണുന്നതിന്റെ ആവേശത്തോടെ ഞാന്‍ അതില്‍ ഒന്നുകൂടി തൊട്ടു .

നമ്മള്‍ പോകുന്നത് മൂന്നു കാറില്‍ ആയാണ് . ഒരു കാര്‍ നമ്മുടെ മുന്‍പെയും മറ്റൊന്ന് നമ്മുടെ പിറകെയും ഉണ്ടായിരിക്കും . ഞങ്ങളുടെ വാഹനത്തില്‍ GPS ഹടിപ്പിചിട്ടുണ്ടായിരുന്നു . അത് എന്തിനാണെന്ന് വച്ചാല്‍ ഞങ്ങള്‍ യാത്ര ചെയ്യുമ്പോള്‍ ഞങ്ങള്‍ പോകുന്നത് അമേരിക്കന്‍ ആര്‍മി അവരുടെ ഓഫീസില്‍ ഇരുന്നു ഞങ്ങളെ നിരീക്ഷിക്കുവാന്‍ വേണ്ടി ആയിരുന്നു . യാത്രാമദ്ധ്യേ എന്തെങ്കിലും അപകടം സംഭവിച്ചാല്‍ വാഹനത്തില്‍ ഖടിപ്പിച്ചിട്ടുള്ള ഒരു ചുവന്ന ബട്ടണ്‍ അമര്‍ത്തിയാല്‍ അമേരിക്കന്‍ ആര്‍മിയുടെ ഓഫീസില്‍ അലാറം അടിക്കുകയും അവര്‍ നമുക്ക് സഹായത്തിനു വരികയും ചെയ്യും എന്ന് നെസ് വിവരിച്ചു . ഇനി നമ്മുടെ യാത്രാ മദ്ധ്യേ ആരെങ്കിലും നമ്മെ ആക്രമിച്ചാല്‍ ഞങ്ങള്‍ മൂന്നു പേരും അവരെ നേരിടുകയും ആ സമയത്ത് നമ്മുടെ മറ്റൊരു വാഹനം വന്നു നിന്നെ സുരക്ഷിതമായി രക്ഷ പെടുത്തുകയും ചെയ്യും . അഥവാ അവര്‍ വരുന്നതിനു മുന്‍പ് ഞങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ നിനക്ക് ഈ തോക്ക് നിന്റെ സ്വയം രക്ഷക്കായി ഉപയോഗിക്കാം . ഇത് നിറച്ചും ഉണ്ട ഉള്ള തോക്കാണ് . എന്റെയും ക്രിസ്സിന്റെയും അരികില്‍ ഇരുന്ന തോക്ക് ചൂണ്ടി നെസ് വിവരിച്ചു . ഇനി എന്തെങ്കിലും സംശയം ഉണ്ടോ എന്ന് എന്നോട് ചോദിച്ചു . ഇല്ല എന്ന് ഞാന്‍ മറുപടിയും പറഞ്ഞു . എന്റെ നെഞ്ചില്‍ ഇതൊക്കെ കേട്ടപ്പോള്‍ തീ കത്താന്‍ തുടങ്ങി . ഒരു കുപ്പി വെള്ളം മുഴുവന്‍ കുടിച്ചിട്ട് അറിയാവുന്ന എല്ലാ ദൈവങ്ങളോടും ഒരാപത്തും വരുത്തരുതേ എന്ന് പ്രാര്‍ഥിച്ചു ......

(തുടരും ) ജോയ്........

ഞാന്‍ കണ്ട ഇറാക്ക്. ഒരു യുദ്ധത്തിന്‍റെ ജീവനുള്ള അസ്ഥിമാടം ...........

ഇറാക്കില്‍ ഞാന്‍ കണ്ട കാഴ്ചകള്‍ നിങ്ങളോടുകൂടി പങ്കു വയ്ക്കുന്നു . കുറച്ചു നാളുകള്‍ ആയി ഇത് എഴുതണം എന്ന് കരുതിയിട്ടു . ഇപ്പോളാണ് എഴുതാന്‍ സാധിച്ചത് .....

ഇറാക്കിലേക്ക് പോകണം എന്ന് കമ്പനി എന്നോട് പറഞ്ഞപ്പോള്‍ മുതല്‍ ഇത് എങ്ങിനെ വീട്ടില്‍ അവതരിപ്പിക്കും എന്നതായിരുന്നു എന്റെ ചിന്തകള്‍ . ഒടുവില്‍ എനിക്ക് കുവൈത്തിലേക്ക് ട്രാന്‍സ്ഫര്‍ ആയി ഇറാക്കിന്റെ അടുത്താണ് കുവൈത്ത് ആയതിനാല്‍ കുഴപ്പം ഇല്ല എന്ന് പറഞ്ഞു ഒരു വിധത്തില്‍ വീട്ടില്‍ നിന്നും സമ്മതം വാങ്ങി .

ഇറാക്കിലേക്ക് പോകുവാന്‍ വിമാനം കാത്തു ജോര്‍ദാന്‍ ക്യുന്‍ അലിയ എയര്‍പോര്‍ട്ടില്‍ ഇരിക്കുമ്പോള്‍ മനസ്സില്‍ വല്ലാത്ത ഒരു പേടി ..... പേടി ആണോ ?.. അറിയില്ല എങ്കിലും മനസിന്‌ ഒരു വല്ലായ്മ ഉണ്ടായിരുന്നു ....

റോയല്‍ ജോര്‍ദാന്‍ വിമാനത്തില്‍ ഇരിക്കുമ്പോള്‍ എന്റെ ചിന്തകള്‍ എങ്ങിനെയാവും അവിടുത്തെ അവസ്ഥകള്‍ ?. അവിടുത്തെ ജനങ്ങള്‍ എങ്ങിനെ ആയിരിക്കും ?. ആക്രമണങ്ങളും അനിഷ്ട്ട സംഭവങ്ങളും ഇപ്പോളും ഉണ്ടാവുമോ ?. എന്നിങ്ങനെ ഉള്ള ചിന്തകളാല്‍ മനസ് ഉത്തരം ഇല്ലാത്ത ചോദ്യങ്ങള്‍ വീണ്ടും വീണ്ടും ചോദിച്ചു കൊണ്ടേ ഇരുന്നു .എന്റെ ആകാംഷക്ക്‌ വിരാമം ഇട്ടു കൊണ്ട് കാതടപ്പിക്കുന്ന ശബ്ധതോടുകൂടി വിമാനം ഇറാക്ക് മണ്ണില്‍ പറന്നിറങ്ങി . എന്തോ വെട്ടിപിടിച്ച ഒരു പോരാളിയുടെ മനോ ദൈര്യതോടെ ഞാന്‍ ഇറാക്ക് മണ്ണില്‍ കാലുകുത്തി .

തികച്ചും ഞെട്ടിക്കുന്ന ഒരു അന്തരീക്ഷം ആയിരുന്നു ഇറാക്കില്‍ എന്നെ കാത്തിരുന്നത് . യുദ്ധങ്ങളുടെ ബാക്കി പത്രമായി ഇന്നും ജീവിക്കുന്ന അല്‍ ബസ്റ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് . ഇന്ന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്ന പേര് മാത്രമേ ഉള്ളൂ .... അവിടെ ആകെ ഉള്ളത് രണ്ടു വിമാന സര്‍വീസുകള്‍ . ഒന്ന് ജോര്‍ദാനില്‍ പോകുന്നതും , മറ്റൊന്ന് ദുബായില്‍ പോകുന്നതും . ഇതില്‍ ദുബായിലേക്ക് ഉള്ളത് അനധികൃതമായി ഉള്ളതും ..

ഞാന്‍ യാത്ര ചെയ്ത വിമാനത്തില്‍ ഉണ്ടായിരുന്നത് 108 യാത്രക്കാര്‍ . കൂടുതലും അമേരിക്ക , ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളില്‍ നിന്നും ഉള്ളവരും കുറച്ചു ഇറക്കികളും പിന്നെ മലയാളനാടിനെ പ്രതിനിതീകരിച്ചു ഞാനും ... അമേരിക്ക , ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളില്‍ നിന്നും ഉള്ളവര്‍ ഇറാക്കിലെ പ്രൈവറ്റ് സെക്കുരിറ്റി ഏജന്‍സികളില്‍ ജോലി ചെയ്യുന്നവര്‍ ആയിരുന്നു . എല്ലാ വെള്ളക്കാരുടെയും ഇടയില്‍ ഒരു കറുത്ത വെള്ളക്കാരന്‍ ആയി ഞാനും ഞെളിഞ്ഞു തന്നെ നിന്നു. മലയാളി കളുടെ ഒരു ജാഡ കളയാന്‍ പാടില്ലല്ലോ ?..

പാസ്സ്പോര്‍ട്ട് എടുത്തു വിസാ സ്റ്റാമ്പ് ചെയ്യുവാന്‍ ഉള്ള നീണ്ട ലൈനില്‍ പിറകില്‍ നിന്നും നാലാമന്‍ ആയി ഞാനും സ്ഥാനം പിടിച്ചു . നാല് മണിക്കൂര്‍ നീണ്ട കാത്തു നില്‍പ്പിനു ഒടുവില്‍ എനിക്ക് വിസാ പതിച്ച പാസ്പോര്‍ട്ട്‌ കയ്യില്‍ കിട്ടി . വിസ പതിച്ചു തരാന്‍ ഇരുന്ന ഇറാക്കി പൌരനെ അല്പം ദേഷ്യത്തോടെ ഒന്ന് നോക്കി ഒരു ചിരിയും ചിരിച്ചു ഞാന്‍ അവിടെ നിന്നും പുറത്തേക്കുള്ള വാതിലിനെ ലക്ഷ്യമാക്കി നടന്നു .

അവിടെ പുറത്തു എന്നെയും കാത്തു ഞങ്ങളുടെ കമ്പനിയുടെ സെക്കുരിറ്റി ചുമതല ഉള്ള ബ്ലൂ ഹാക്കില്‍ എന്ന സെക്കുരിറ്റി ഏജന്‍സിയുടെ പ്രതിനിതികള്‍ ആയി നാലുപേര്‍ നില്‍ക്കുന്നുണ്ടായിരുന്നു ....

(തുടരും....) ജോയ്......

Wednesday, 6 July 2011

കലാലയ രാഷ്ട്രീയം .....

കലാലയ രാഷ്ട്രീയം .....


ഞങ്ങളുടെ കോളേജിലും   ഇലക്ഷന്‍ വന്നു അപ്പോള്‍  SFI , KSU , ABVP ചേട്ടന്മാര്‍ എല്ലാം നല്ല നല്ല മുദ്രാ വാക്യങ്ങളും ആയി കാമ്പസ് നിറഞ്ഞാടുന്നു . വ്യക്തമായ രാഷ്ട്രീയം ഇല്ലാത്തതിനാല്‍ ഞങ്ങള്‍ വല്ല മരതനലതും പെണ്‍കുട്ടികളുടെ വായിലും നോക്കി പുല്ലും കടിച്ചു സമയം കളയുകയായിരുന്നു . അപ്പോളാണ്  ഒരു പുതിയ ആശയം രൂപം കൊണ്ടത്‌ .... എന്തുകൊണ്ട് നമുക്കും മുദ്രാവാക്യം വിളിച്ചു കൂടാ ?.. അങ്ങനെ ഞങ്ങളുടെ സ്വന്തം പാര്‍ട്ടി രൂപം കൊണ്ടു....
VASU .......
V =Vidhyarthikalude  
A =Aavashyangal 
S =Saadhichukodukkunna 
U =Union
അങ്ങിനെ ആ മരച്ചുവട്ടില്‍ ഇരുന്നു ഞങ്ങള്‍ പാര്‍ട്ടിയുടെ ആദ്യ യോഗം കൂടി .   പക്ഷെ ഇനി പ്രകടന പത്രിക വേണം ... ആലോചിച്ചു ...
പ്രകടന പത്രിക ....

ഞങ്ങള്‍ ജയിച്ചു വന്നാല്‍ .........കാന്റീനില്‍ ഉഴുന്ന് വടക്ക് തുള വേണോ ?. വേണ്ടാ നമുക്ക് അതിനെതിരെ സമരം ചെയ്തു തുള ഇല്ലാതാക്കാം ..നമ്മുടെ കാമ്പസില്‍ വിദ്ധ്യാര്‍ത്തികള്‍ക്ക് എല്ലാ സ്വാതന്ത്ര്യവും  അനുവദിക്കും . കൊട്ടെര്‍ ആങ്കിള്‍ ( പെണ്‍കുട്ടികള്‍ക്ക് മാത്രം പ്രവേശനം ഉള്ള സ്ഥലം ) ആണ്‍കുട്ടികള്‍ക്കായി തുറന്നു കൊടുക്കും .  കാമ്പസിലെ എരുമ കുളം വൃത്തിയാക്കി സ്വിമ്മിംഗ് പൂള്‍ നിര്‍മിക്കും . കോളേജിലെ  ക്രിക്കറ്റ് ടീമില്‍ 33 ശതമാനം സ്ത്രീ പ്രാതിനിത്യം  ഉറപ്പു വരുത്തും ... തുടങ്ങി ഒരു നീണ്ട നിര ആയിരുന്നു ... ( കുറെ മറന്നു പോയി ...)

അങ്ങിനെ ഞങ്ങളുടെ ആദ്യ പ്രകടനം തുടങ്ങി ആകെ ആറു പേര്‍ . മുദ്രാവാക്യം വിളി കേട്ടപ്പോള്‍ ഓരോരുത്തരായി ഞങ്ങളോട് കൂടി വരുവാന്‍ തുടങ്ങി . രണ്ടാം ദിവസം ആയപ്പോള്‍ SFI , KSU , ABVP പ്രകടനത്തിന് ആളില്ലാതായി . എല്ലാ കുട്ടികളും വാസുവിന്റെ കൂടെ ... എല്ലാര്‍ക്കും വാസു മതി . അന്ന് വൈകിട്ട് ഞങ്ങള്‍ കാമ്പസില്‍ നിന്നും തിരിച്ചു ബസ്‌ സ്ടാണ്ടിലേക്ക് നടക്കവേ  കുറെ ചേട്ടന്മാര്‍ ഞങ്ങളെ തടഞ്ഞു നിറുത്തി . അതില്‍ SFI , KSU , ABVP എല്ലാ പാര്‍ടിയിലെയും  ചേട്ടന്മാര്‍ ഉണ്ടായിരുന്നു  . എല്ലാവരും ചേര്‍ന്ന് പറഞ്ഞു ഇനി മേലാല്‍ കാമ്പസില്‍ വാസു എന്നും പറഞ്ഞു വരാന്‍ പാടില്ല വന്നാല്‍ കയ്യും കാലും തല്ലി ഓടിക്കും എന്ന് പറഞ്ഞു .. ഞങ്ങള്‍ പിന്നീട് വാസുവിനെ കുറിച്ച് ചിന്തിക്കുക പോലും ഇല്ല എന്ന് ഉറപ്പു കൊടുത്തു ....

പക്ഷെ പിറ്റേന്ന് പതിവുപോലെ ഒരു കൂട്ടം പിള്ളേര്‍ വീണ്ടും വാസുവും ആയി പ്രകടനം തുടങ്ങി . വാസു കാമ്പസില്‍ നിറഞ്ഞാടി ഒരു ചേട്ടന്മാര്‍ക്കും തടുക്കാന്‍ ആവാത്ത അത്ര വലിയ ഒരു ശക്തിയായി അപ്പോളേക്കും വാസു മാറി കഴിഞ്ഞിരുന്നു .....

 ജോയ് .KV

Sunday, 3 July 2011

""വിരിയാന്‍ ഉള്ള മുട്ടയും നാട് വാഴാന്‍ പോകുന്ന കോഴിയും ""

""വിരിയാന്‍ ഉള്ള മുട്ടയും നാട് വാഴാന്‍ പോകുന്ന കോഴിയും ""
അവറാന്‍ ചേട്ടന്‍ . അതാണ്‌ താരത്തിന്റെ പേര് . പ്രായം അന്‍പതിനോട് അടുത്ത് . ഭാര്യ മറിയ ചേട്ടത്തി . ഒരു ചെറിയ സന്തുഷ്ട്ട കുടുംബം . അവറാന്‍ ചേട്ടന്‍  എപ്പോഴും കളിയും ചിരിയും തമാശകളുമായി എല്ലാരോടും ഒരുപോലെ ഇട പഴകുന്ന ഒരു പ്രത്യേക പ്രകൃതകാരന്‍.  എല്ലാവരും സുഹൃത്തുക്കള്‍ ശത്രുക്കളായി ആരുമില്ല . തന്റെ തമാശകളിലൂടെ മറ്റുള്ളവരെ എപ്പോളും ചിരിപ്പിച്ചും ചിന്തിപ്പിച്ചു അവറാന്‍ ചേട്ടന്‍ തന്റെ ജീവിതം മുന്നോട്ടു നീക്കി കൊണ്ടിരുന്നു .

അങ്ങിനെ മറിയ ചേട്ടത്തി വീട്ടില്‍ ഇല്ലാതിരുന്ന ഒരു ദിവസം അടുത്ത ബാറില്‍ പോയി ഒരു കുപ്പി മദ്ധ്യം വാങ്ങി കൊണ്ടുവന്നു വീടിന്റെ ഉമ്മറത്ത്‌ ഇരുന്നു അല്പം മദ്യസേവ നടത്തുക ആയിരുന്നു . പെട്ടന്ന് ഒരു കോഴി വീടിനകത്ത് നിന്നും പുറത്തേക്കു പോകുന്നത് ചേട്ടന്‍ കണ്ടു . എവിടുന്നാണ് കോഴി വന്നത് എന്ന് നോക്കിയപ്പോള്‍ അതാ ഒരു പാത്രത്തില്‍ കുറെ കച്ചിലിനുള്ളില്‍ പതിനൊന്നു മുട്ട അടുക്കി വച്ചിരിക്കുന്നു . തലേദിവസം വീട്ടില്‍ ഒരു കോഴി അട ആയപ്പോള്‍ മറിയ ചേട്ടത്തി വിരിയിക്കാന്‍ വച്ചിരുന്ന മുട്ടകള്‍ ആയിരുന്നു അതെല്ലാം .

മുട്ടകള്‍ കണ്ടപ്പോള്‍ അവറാന്‍ ചേട്ടന് ഒരു കൌതുകം തോന്നി .അതില്‍ നിന്നും ഒരു മുട്ട എടുത്തു തോടിന്റെ മുകള്‍ ഭാഗം ഒന്ന് ചെറുതായി തട്ടി പൊട്ടിച്ചു മുട്ട കുടിച്ചു .ഹായ് നല്ല രുചി . ചേട്ടായി വീണ്ടും ഒരു പെഗ്ഗ് കൂടി അകത്താക്കി വീണ്ടും ഒരു മുട്ട കൂടി പൊട്ടിച്ചു കുടിച്ചു . തന്റെ ജീവിതത്തില്‍ ഇതുവരെയും മദ്യപാനം ഇത്രയും ആസ്വാധ്യം ആയി അവറാന്‍ ചേട്ടന് തോന്നിയിട്ടില്ലാത്ത നിമിഷങ്ങള്‍ . ചേട്ടായി വീണ്ടും വീണ്ടും പെഗ്ഗ് അടിക്കുകയും മുട്ടകള്‍ ഓരോന്നായി പൊട്ടിച്ചു കുടിക്കുകയും ചെയ്തു . ഒടുവില്‍ അവസാന മുട്ടയും പൊട്ടിച്ചു കുടിച്ചു .

പെട്ടന്നാണ് അവറാന്‍ ചേട്ടന്‍ മറിയ ചേട്ടത്തിയെ കുറിച്ച് ഓര്‍ത്തത്‌ . ഒന്നാമത് മദ്യം കഴിച്ചതിനു വഴക്ക് ഉണ്ടാക്കും . അതിന്റെ കൂടെ അട വച്ചിരുന്ന മുട്ടകള്‍ എല്ലാം പൊട്ടിച്ചു കുടിക്കുകയും ചെയ്തു . എന്തൊക്കെ പറഞ്ഞാലും ഇന്ന് ഇവിടെ എന്തെങ്കിലും നടക്കും . മറിയക്കു ദേഷ്യം കയറിയാല്‍ നൂറു നാക്കാണ് . അവറാന്‍ ചേട്ടന്‍ തല പുകഞ്ഞാലോചിച്ചു . യുറീക്കാ യുറീക്കാ അവറാന്‍ ചേട്ടന്‍ അകത്തേക്കോടി . മുട്ട തോടിന്റെ പൊട്ടിയ ഭാഗം താഴെ ആകുന്ന രീതിയില്‍ കച്ചിലിനുള്ളില്‍ തിരകെ അടുക്കി വച്ചു. അപ്പോഴേക്കും പുറത്തു പോയ കോഴി തിരിച്ചു വന്നു മുട്ടയുടെ പുറത്തു കയറി അട ഇരിക്കുവാനും തുടങ്ങി . അവറാന്‍ ചേട്ടന് സമാധാനവും ആയി .

പതിവുപോലെ എന്നും കോഴി മുട്ടയുടെ പുറത്തു നിന്നും ഇച്ചിയിടാന്‍ പുറത്തു പോവുകയും തിരികെ വന്നു അടയിരിക്കുകയും  ചെയ്തു .  മറിയ ചേട്ടത്തി ഓരോ ദിവസവും എണ്ണി എണ്ണി പുറത്തു വരാന്‍ പോകുന്ന കോഴി കുഞ്ഞുങ്ങളെ കുറിച്ച് ഓരോ മനകൊട്ടകള്‍ കെട്ടി അത് തന്റെ പ്രിയതമനോട്‌ പറഞ്ഞുകൊണ്ടേ ഇരുന്നു . അപ്പോളെല്ലാം അവറാന്‍ ചേട്ടന്‍ ചിരിച്ചുകൊണ്ട് ഇങ്ങനെ പറയും " വിരിയാന്‍ ഉള്ള മുട്ടയും നാട് വാഴാന്‍ പോകുന്ന കോഴിയും " . പറയുന്നത് എന്തെങ്കിലും തമാശ ആകും എന്ന് കരുതി പാവം മറിയ ചേട്ടത്തി അതു അത്ര കാര്യമായി എടുത്തില്ല .

അങ്ങിനെ ദിവസങ്ങള്‍ അടുത്ത് വന്നു കൊണ്ടിരുന്നു . 18 , 19 . 20 , 21 അങ്ങിനെ 21 - )മത്തെ ദിവസവും കഴിഞ്ഞു . മുട്ടകള്‍ വിരിഞ്ഞില്ല . മറിയ ചേട്ടത്തി പിന്നെയും ഒരു ദിവസം കൂടി നോക്കി . ഇല്ല മുട്ട വിരിഞ്ഞില്ല . ചേട്ടത്തി അല്പം പരിഭവത്തോടെ തന്റെ പ്രിയതമനോട്‌ പറഞ്ഞു ആ മുട്ടകള്‍ ഇതുവരെയും വിരിഞ്ഞില്ലല്ലോ ?.. അപ്പോളും അവറാന്‍ ചേട്ടന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു "വിരിയാന്‍ ഉള്ള മുട്ടയും നാട് വാഴാന്‍ പോകുന്ന കോഴിയും "  അപ്പോള്‍ പതിവ് പോലെ കോഴി പുറത്തേക്കു പോയി . ആസമയം മറിയ ചേട്ടത്തി മുട്ടകള്‍ ഇരിക്കുന്ന പാത്രത്തിന്റെ അടുതെത്തി . ഒരു മുട്ട എടുത്തു ചെവിയില്‍ വച്ചു നോക്കി . ഇല്ല ഒരനക്കവും ഇല്ല ഒന്ന് കൂടി ചേട്ടത്തി മുട്ടയിലേക്ക് നോക്കി . അതാ മുട്ട ആരോ പൊട്ടിച്ചിരിക്കുന്നു . ചേട്ടത്തി വേഗം എല്ലാ മുട്ടകളും നോക്കി . അതെ എല്ലാം പൊട്ടിച്ചിരിക്കുന്നു . ഒരു നിമിഷം ചേട്ടത്തിയുടെ കണ്ണുകളില്‍ ഇരുട്ട് കയറി . ചേട്ടത്തി തന്റെ ഓര്‍മ്മകള്‍ അല്പം പുറകിലേക്ക് ഓടിച്ചു . അപ്പോള്‍ ഇതായിരുന്നു എന്നും താന്‍ കോഴി കുഞ്ഞുങ്ങളെ കുറിച്ച് പറയുമ്പോള്‍ അവറാന്‍ തന്നോട് "വിരിയാന്‍ ഉള്ള മുട്ടയും നാട് വാഴാന്‍ പോകുന്ന കോഴിയും " ഇങ്ങിനെ പറഞ്ഞിരുന്നത് ... ചേട്ടത്തി ഉടന്‍ കയ്യില്‍ കിട്ടിയ ചൂലുമെടുത്തു ഉമ്മറത്തേക്ക് ഓടി . ഇല്ല അവറാന്‍ അവിടെ ഇല്ല . അപ്പോഴേക്കും അവറാന്‍ സുരക്ഷിത സ്ഥാനത് എത്തി തന്റെ അടുത്ത പരിപാടി എന്താണെന്ന് ചിന്തിച്ചു തുടങ്ങിയിരുന്നു ...

       ജോയി. കെ.വി(തുടരും )....